തിരുവനന്തപുരം: പക്ഷിപ്പനിയെ തുടര്‍ന്നു താറാവുകളെയും കോഴികളെയും കൊന്ന കര്‍ഷകര്‍ക്കു ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നല്‍കും. രണ്ടു മാസത്തിനു മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ ലഭിക്കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണു കൊന്നൊടുക്കുന്നത്. ചൊവ്വാഴ്ച മാത്രം 25000 പക്ഷികളെ കൊന്നു. രണ്ടുദിവസത്തിനകം ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതു പൂര്‍ത്തിയാക്കും.
ആലപ്പുഴ ജില്ലയിലെ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് എച്ച് 5 എന്‍ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അതിനാല്‍ പക്ഷിമാംസം പാചകം ചെയ്ത് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.കെ.എം. ദിലീപ് പറഞ്ഞു.
സംശയം തീര്‍ക്കാനായി പാചകം ചെയ്യുന്നവര്‍ പാചകം ചെയ്തശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.