KeralaNews

പിങ്ക് പോലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാർ വാദം. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയാണ് നിർദ്ദേശിച്ചിരുന്നത്.

മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അച്ഛനെയും എട്ടുവയസുള്ള പെൺകുട്ടിയെയും തടഞ്ഞുവെച്ച് അപമാനിച്ചുവെന്ന സംഭവമാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. ഇതിൽ എട്ടുവയസുകാരിയാണ് പരാതിയുമായി കോടതിയിലെത്തിയത്.

കേസ് വിശദമായി കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും നഷ്ടപരിഹാരം എത്ര നൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദമായ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം അവർക്കെതിരെ എടുക്കാൻ കഴിയില്ലയെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നുള്ള നാല് ദൃക്സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് കോടതി കേസ് പരിഗണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button