ഐശ്വര്യ റായിയ്ക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്
മുംബൈ : പനാമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളീവുഡ് താരം ഐശ്വര്യ റായിയ്ക്ക് (Aishwarya Rai Bachchan) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുൻ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യുക.
ഇഡിയുടെ ഡൽഹി ഓഫിസിൽ ഇന്ന് ഹാജരാകുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പനാമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. ഇന്ന് ദില്ലിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസ്.
ഇത് മൂന്നാം തവണയാണ് ഐശ്വര്യക്ക് ഇഡി നോട്ടീസ് നൽകുന്നത്. നികുതി വെട്ടിച്ച പണം വിവിധ ബിനാമി കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. ഒരു മാസം മുമ്പ് അഭിഷേക് ബച്ചനെയും ഇ ഡി വിളിപ്പിച്ചിരുന്നു. ചില രേഖകൾ അഭിഷേക് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇഡി വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്നു റിപ്പോർട്ടുകൾ.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്. പാനമ പേപ്പർ രേഖകളിൽ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്. കേരളത്തിലെ 9 മേൽവിലാസങ്ങും ഇതിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.