KeralaNewsTop Stories

ആഗോളതാപനം: വരാനിരിക്കുന്നത് കൊതുകുകൾ പരത്തുന്ന രോ​ഗങ്ങളുടെ കാലം?

ഇനി കീടനാശിനി വഴി ഇവയെ തുരത്താമെന്ന് പറഞ്ഞാലും ഈഡിസ് കൊതുകുകൾ അതിനെതിരെ പ്രതിരോധ ശേഷി നേടി കഴിഞ്ഞു. 2021 ജൂൺ 17 -ന് PLoS Genetics -ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത്, കീടനാശിനികളെ പ്രതിരോധിക്കുന്ന ഒരു ജനിതക മാറ്റത്തിന് അവ വിധേയമായി എന്നാണ്. 

കാലം തെറ്റി പെയ്യുന്ന മഴയെയും, അതികഠിനമായ ചൂടിനെയുമൊക്കെ കാലാവസ്ഥാ വ്യതിയാനം(Climate change) എന്ന് ഒറ്റവാക്കിൽ പറഞ്ഞൊതുക്കാമെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വലുതാണ്. ആഗോളതാപനം മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൊതുകുകൾ(Mosquitoes) പെറ്റുപെരുകാനുള്ള സാഹചര്യമുണ്ടാക്കുമെന്നും, ഇത് പകർച്ചപ്പനിയും, പലതരത്തിലുള്ള സാംക്രമിക രോഗങ്ങളും പടർന്ന് പിടിക്കാനുള്ള സാഹചര്യങ്ങൾ വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.  

ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നീ രണ്ട് ഇനങ്ങളിൽ നിന്നാണ് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ പകരുന്നത്. ഇവ ലോകമെമ്പാടും പൊതുജനാരോഗ്യ ഭീഷണിയായി അതിവേഗം ഉയർന്നുവരികയാണെന്ന് ഗവേഷകർ പറയുന്നു. ആഫ്രിക്കയിൽ ഉത്ഭവിച്ച അത് പതുക്കെ ലോകത്തിന്റെ മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്കും, പിന്നീട് 1980 -കളിൽ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ മിതശീതോഷ്ണ പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു. ഹരിതഗൃഹ വാതക ഉദ്‌വമനം നിലവിലെ നിരക്കിൽ തുടർന്നാൽ 2050 -ഓടെ ലോകജനസംഖ്യയുടെ 49 ശതമാനവും ഇവയുടെ ഭീഷണിയ്ക്ക് കീഴിലായിരിക്കുമെന്ന് നേച്ചർ മൈക്രോബയോളജിയിലെ ഗവേഷകർ വിശദീകരിക്കുന്നു.  

കാലാവസ്ഥാ വ്യതിയാനം ഈ രോഗവാഹകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, വരും ദശകങ്ങളിൽ ആഗോളതലത്തിൽ അവ വ്യാപിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കാരണം കൊതുകുകൾക്ക് ഇപ്പോൾ വർഷം മുഴുവനും പ്രജനനം നടത്താൻ കഴിയും. ഉദാഹരണത്തിന്, നിലവിൽ സിക വൈറസ് കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങളിലായിരുന്നെങ്കിൽ, കാലാവസ്ഥാ വ്യതിയാനം മൂലം 2050 -ഓടെ 1.3 ബില്യൺ പുതിയ ആളുകൾക്ക് സിക ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് 2020 ഒക്‌ടോബർ 9 -ന് ഗ്ലോബൽ ചേഞ്ച് ബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. 

കൊതുകുകളുടെ പ്രജനന സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. പരമ്പരാഗതമായി, ശുദ്ധമായ വെള്ളത്തിലാണ് കൊതുകുകൾ പെരുകുന്നതെങ്കിൽ, ഇപ്പോൾ മലിന ജലത്തിലും അവയ്ക്ക് മുട്ടയിടാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, വേണമെങ്കിൽ അവ ഉപ്പുവെള്ളത്തിൽ വരെ മുട്ടയിടുമെന്ന് പറയപ്പെടുന്നു. കൊതുകുകൾ പെറ്റുപെരുകുന്നതിന് വേറെയും സാഹചര്യങ്ങളുണ്ട്‌.  പ്രകാശ മലിനീകരണം അതിലൊന്നാണ്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് ആളുകളെ കടിക്കുന്നത്. കൃത്രിമ വിളക്കുകൾ കാണുമ്പോൾ പകലാണെന്ന് തെറ്റിദ്ധരിച്ച് അവ ഇപ്പോൾ രാത്രിയിലും ഭക്ഷണം തേടി ഇറങ്ങുന്നു. തന്മൂലം രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിക്കുന്നു.

ഇനി കീടനാശിനി വഴി ഇവയെ തുരത്താമെന്ന് പറഞ്ഞാലും ഈഡിസ് കൊതുകുകൾ അതിനെതിരെ പ്രതിരോധ ശേഷി നേടി കഴിഞ്ഞു. 2021 ജൂൺ 17 -ന് PLoS Genetics -ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത്, കീടനാശിനികളെ പ്രതിരോധിക്കുന്ന ഒരു ജനിതക മാറ്റത്തിന് അവ വിധേയമായി എന്നാണ്. കൊതുകുകളുടെ പുറംതൊലിയ്ക്ക് കട്ടികൂടിയെന്നും, ശരീരം കീടനാശിനി ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാണെന്നും പഠനം പറയുന്നു.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നത് കൊതുകുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പരിഹാരമാണെന്ന് തോന്നുമെങ്കിലും, അത് അത്ര എളുപ്പമല്ല. അവയെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. കൊതുകുകൾ പെരുകാൻ കാരണമാകുന്ന സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങൾ കുറയ്ക്കുക, അവരുടെ ഒളിത്താവളങ്ങൾ തിരിച്ചറിയുക എന്നതാണ്  രോഗം നിയന്ത്രിക്കാനുള്ള മറ്റ് വഴികൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker