തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ സുധാ പിള്ള ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെ ആണ് സർക്കാർ നിയോഗിച്ചത്. മൂന്ന് മാസത്തിനകം സമിതി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ കിഫ്ബി പ്രവർത്തനങ്ങളും പരിശോധിക്കപ്പെടും.
കിഫ്ബിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സുപ്രധാന നീക്കമാണിത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ അഞ്ചംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്കിന്റെ മുൻ എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ നീലേഷ് വികാംസെ, സിഎജി ഓഡിറ്റ് ബോർഡ് മുൻ ഡയറക്ടർ എച്ച്. ശുഭലക്ഷ്മി നാരായണൻ, കേന്ദ്ര സർക്കാരിലെ മുൻ റവന്യൂ സെക്രട്ടറി ഡോ. തരുൺ ബജാജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
കിഫ്ബി ഫണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് കൃത്യമായി ഉപയോഗിച്ചിട്ടുണ്ടോ എന്നും പ്രവർത്തനം ഭരണഘടനാപരവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കം പരിശോധിക്കും. കിഫ്ബിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ പ്രസക്തിയും പരിശോനാവിഷയമാകും.


