ആലപ്പുഴ: കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും. നിലവില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൊതുദര്‍ശനം. പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അര്‍പ്പിക്കുക. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശവും നല്‍കി.
കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രംഗത്ത് എത്തിയിരിന്നു. അതീവ ദുഃഖത്തോടെയാണ് മരണ വാര്‍ത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി.എസ് പറഞ്ഞു.
വി.എസിന്റെ കുറിപ്പ്
ഗൗരിയമ്മയുടെ നിര്യാണ വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങള്‍.
കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരിയാണ് കെ.ആര്‍ ഗൗരിയമ്മയുടെ മരണത്തോടെ ഇല്ലാതായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗൗരിയമ്മ നയിച്ചത് ഇതിഹാസജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാര്‍ഷിക രംഗത്തും ഭൂപരിഷ്‌കരണ മേഖലയിലും ഗൗരിയമ്മ നല്‍കിയ സംഭാവന കേരളം എന്നും ഓര്‍ത്തിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഉയര്‍ന്ന ജീവിതപശ്ചാത്തലവും നിയമപണ്ഡിത്യവും കൈമുതലായുള്ള ഗൗരിയമ്മ നാടിനും സാധാരണക്കാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. കൊടിയപീഡനം ഏറ്റുവാങ്ങുമ്പോഴും നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോയില്ല. ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായായിരുന്നു.
ഗൗരിയമ്മയുടെ ഭരണപാടവം ഭരണകര്‍ത്താക്കള്‍ക്ക് പാഠപുസ്തകമാണ്. മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഈ വിപ്ലവനക്ഷത്രം കേരളത്തിന്റെ ആകാശത്തില്‍ തിളങ്ങികൊണ്ടേയിരിക്കും. ഗൗരിയമ്മക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ചെന്നിത്തല പറഞ്ഞു.