ഗൂഗിൾ എൻജിനീയർ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കിടപ്പുമുറിയിൽ; യുവതിയും ഗൂഗിൾ ജീവനക്കാരി
കാലിഫോര്‍ണിയ: യു.എസില്‍ യുവ എൻജിനീയര്‍ ഭാര്യയെ കൊലപ്പെടുത്തി. ഗൂഗിളില്‍ എന്‍ജിനീയറായ ചൈനീസ് സ്വദേശി ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഗൂഗിളിലെ എന്‍ജിനീയറാണ്.
യുവാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലും വീടിന്റെ വാതില്‍ തുറക്കാത്തതിനാലും സുഹൃത്താണ് പോലീസില്‍ വിവരമറിയിച്ചത്. യുവാവ് വീടിനുള്ളിലുള്ളതായി കാണാമെന്നും എന്നാല്‍ അനങ്ങാന്‍ കഴിയാത്ത നിലയിലാണെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവാവിനെ പരിക്കേറ്റ നിലയിലും ഭാര്യയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം. സമീപത്തായി ചോരയില്‍കുളിച്ച നിലയില്‍ യുവാവിനെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇയാളുടെ കൈയിലായിരുന്നു പരിക്ക്. വസ്ത്രത്തിലാകെ ചോരയായിരുന്നു. യുവതി തലയ്ക്കടിയേറ്റാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
സംഭവത്തില്‍ പ്രതിയായ യുവ എന്‍ജിനീയറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ് ചികിത്സയിലായതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാനായില്ല.
കൊല്ലപ്പെട്ട യുവതിയും പ്രതിയായ ഭര്‍ത്താവും തങ്ങളുടെ ജീവനക്കാരാണെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബീജിങ് സര്‍വകലാശാലയില്‍ പഠിച്ച ഇരുവരും ഏതാനും വര്‍ഷങ്ങളായി യു.എസില്‍ ഗൂഗിളിലാണ് ജോലിചെയ്യുന്നത്. നേരത്തെ ആമസോണില്‍ ജോലിചെയ്തിരുന്ന യുവതി 2021-ലാണ് ഗൂഗിളിലെത്തിയത്. പ്രതിയായ ചെന്‍ 2020 മുതല്‍ ഗൂഗിളില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.