കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി. അസിസ്റ്റന്റ് കമ്മീഷണറായ എൻഎസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നുമാണ് മാറ്റിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
സ്വപ്ന സുരേഷിന്റെ മൊഴിയിലെ അനിൽ നമ്പ്യാരുമായുള്ള ഭാഗമാണ് ചോർന്നത്. മൊഴിയുടെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തത് ഇടക്കാല ആശ്വാസം ലഭിച്ച പോലെയാണ് സിപിഎം കാണുന്നത്. പ്രതിപക്ഷ നേതാവും അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായി സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജനം ടിവിയിലെ മുൻ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. അതിനു പിന്നാലെയാണ് നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.