FeaturedKeralaNews

ഇന്ന് തിരുവോണം, ആഘോഷങ്ങളും കൂട്ടായ്മകളുമില്ലാത്ത ‘മാസ്കോണം’

കൊച്ചി:കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്കിന്ന് തിരുവോണം. ഓണത്തിന്റെ ആത്മാവായ ഒത്തുചേരലും വിപുലമായ ആഘോഷങ്ങളുമില്ലാത്ത നിറംമങ്ങിയ ഒരോണക്കാലമാണ് മലയാളിക്കിത്. സാമൂഹ്യ അകലമില്ലാത്ത, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതിയ കാലം പിറക്കുമെന്ന പ്രത്യാശയിലാണു കേരളം ഇത്തവണ ഓണം ആഘോഷിക്കുന്നത്.

പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. തൃശൂരിലെ പുലിക്കളിയും തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ആറന്മുള്ള വള്ളസദ്യയും തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഓണാഘോഷവും മലയാളിക്ക് ഓര്‍മയാണ് ഈ വര്‍ഷം. ആഘോഷം വീട്ടുമുറ്റങ്ങള്‍ക്കപ്പുറം കടന്നില്ല. വടക്കന്‍ മലബാറുകാര്‍ക്ക് മാവേലിയെന്നാല്‍ ഓണപ്പൊട്ടനാണ്. ഒന്നും മിണ്ടാതെ വീടുകളിലെത്തി പ്രജകളെ സന്ദര്‍ശിച്ച് ഓടിയകലുന്ന ദൈവം. കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ ഇത്തവണ ഓണപ്പൊട്ടന്മാര്‍ നാട്ടിലിറങ്ങിയില്ല.

ഓരോ ഓണക്കാലത്തും കോടികള്‍ വിലവരുന്ന പൂക്കളാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇത്തവണ പൂവരവ് കുറഞ്ഞു. അതോടൊപ്പം ആവശ്യക്കാരും കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാലും കൂട്ടായ്മകള്‍ക്കു നിയന്ത്രണങ്ങളുള്ളതിനാലും ഓണാഘോഷങ്ങളും പൂക്കളമത്സരങ്ങളും പാടെ ഇല്ലാതായി. തുമ്പയിലേക്കും മുക്കുറ്റിയിലേക്കും കാക്കപ്പൂവിലേക്കും മടങ്ങിയ ഓണക്കാലം കൂടിയാണിത്. ബഹുഭൂരിപക്ഷം പേരും ചുറ്റുപാടുകളില്‍നിന്ന് ശേഖരിച്ച പൂക്കളും ഇലകളും കൊണ്ട് ‘ഉള്ളതു കൊണ്ട് ഓണം പോലെ’ എന്ന തരത്തില്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി. പൂക്കളമത്സരങ്ങള്‍ ഓണ്‍ലൈനായി. വീടുകളില്‍ പൂക്കളമൊരുക്കി ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചു കൊടുക്കാനാവശ്യപ്പെടുന്നതായി മത്സരങ്ങള്‍.

ഓണമെന്നാല്‍ കേരളത്തിന് ഏറ്റവും വലിയ വ്യാപാര സീസണ്‍ കൂടിയാണ്. നേരത്തെ കിട്ടുന്ന ശമ്പളവും ബോണസുമൊക്കെയായി മലയാളി ‘ഉത്രാടപ്പാച്ചില്‍’ നടത്തുമ്പോള്‍ വിപണിയിലേക്ക് ഒഴുകുന്നതു കോടികളാണ്. ടിവിയും ഫ്രിഡ്ജും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പുത്തന്‍ വസ്ത്രങ്ങളും വാങ്ങാന്‍ മാറ്റി വയ്ക്കുന്ന ഒരാഘോഷക്കാലം. സീസണില്‍ നേട്ടം കൊയ്യാന്‍ ഓഫറുകളുകളുമായി വന്‍കിട കമ്പനികള്‍ മത്സരിക്കുന്ന കാലം. എന്നാല്‍ കൊറോണ വൈറസില്‍ തളര്‍ന്ന വ്യാപാരമേഖല ഓണക്കാലത്ത് കാര്യമായി ഉണര്‍ന്നതേയില്ല. ‘ഓണക്കോടി’യെന്ന ഗൃഹാതുരത മിക്കവര്‍ക്കും ഓര്‍മയിലൊതുങ്ങി.

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ കാണാന്‍ തിക്കിത്തിരക്കാത്ത ഓരോണക്കാലം പതിറ്റാണ്ടുകളായി മലയാളിക്കുണ്ടാവില്ല. ഇത്തവണ അങ്ങനെയൊരു കാഴ്ചയില്ല. വെള്ളിത്തിരയിലെ ചലനങ്ങള്‍ നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലോക്ക്ഡൗണിലെ ഇളവിനെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചെങ്കിലും തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയായിട്ടില്ല.

അസാധാരണമായ ലോകസാഹചര്യത്തിലാണ് തിരുവോണം എത്തുന്നതെന്നും അതിനാല്‍ രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവൂയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഓണസന്ദേശത്തില്‍ പറഞ്ഞത്. അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാന്‍ നമുക്കു കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാവണം ഓണാഘോഷമെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്നും അഭ്യര്‍ഥിച്ചു.

”സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിനു ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീട് സന്ദര്‍ശിക്കുന്ന പതിവ് വേണ്ടെന്നു വയ്ക്കണം. റിവേഴ്‌സ് ക്വാറന്റൈില്‍ കഴിയുന്ന വൃദ്ധരെ സന്ദര്‍ശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണം,” മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

”ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂലസാഹചര്യത്തിനും അപ്പുറം അനുകൂലമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷ ഭാവിയെക്കൂടി പ്രസക്തമാക്കുന്ന സങ്കല്‍പ്പമാണ്. മാനുഷരെല്ലാം ഒന്നിച്ചുണ്ടായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധികള്‍ അധികകാലം നീളില്ലെന്ന പ്രത്യാശയുടെ ഒരു ഓണക്കാലത്താണു നാമിപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രളയം കവര്‍ന്ന കേരളത്തെ കൂട്ടായ്മയുടെ കൈപിടിച്ച് പ്രത്യാശയുടെ കരയ്‌ക്കെത്തിച്ചവരാണു നാം. സാമൂഹിക അകലത്തിന്റെ ഈ പ്രതിസന്ധികാലം കടന്ന് സമ്പല്‍സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരുപാട് പൊന്നോണക്കാലങ്ങള്‍ തീര്‍ക്കാനായി നമുക്ക് മനസുകള്‍ കോര്‍ക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker