സ്വര്‍ണ്ണക്കടത്ത് കേസ് സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി,കൊച്ചിയിലെത്തിയ്ക്കുക ഉച്ചയോടെ

ബംഗലൂരു:സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജറാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്.

വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

അതേസമയം, കസ്റ്റംസ് ഓഫീസുകളില്‍ സിഐഎസ്എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു. സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News