കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1.18 കോടി രൂപയുടെ സ്വർണം പിടികൂടിയിരിക്കുന്നു. എയർ കസ്റ്റംസ് ഇൻറലിജൻസാണ് കാസർകോട് സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ വർഗീസ് (46) എന്നിവരിൽ നിന്ന് 2.66 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയിരിക്കുന്നത്. അനിൽ കഴിഞ്ഞ ദിവസം രാത്രി ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണെത്തിയത്. 1.8 കിലോഗ്രാം സ്വർണമിശ്രിതം ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 73.5 ലക്ഷം രൂപ വില വരുന്ന 1,509 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
ജോൺസൺ ബുധനാഴ്ച പുലർച്ചെ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണെത്തിയത്. 1.16 കിലോഗ്രാം സ്വർണം മിശ്രിതരൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം നടത്തിയത്. ഇത് 45 ലക്ഷം രൂപ വില വരും. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, എം. ഉമാദേവി, ഗഗൻദീപ് രാജ്, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, ജി. അരവിന്ദ്, രോഹിത് ഖത്രി, നരസിംഹ വേലൂരി നായിക്, കെ. രാജീവ്, സുമിത് നെഹ്റ, പ്രമോദ്, സുമൻ ഗോദ്ര, വി.സി. മിനിമോൾ, ഹെഡ് ഹവിൽദാർ അബ്ദുൽ ഗഫൂർ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.