പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകൾ: വിസ്മയയുടെ പുസ്തകത്തെക്കുറിച്ച് ദുല്‍ഖർ
കൊച്ചി: സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും സഹോദരതുല്യമായൊരു ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയുടെ സഹോദരന്മാരെ പോലെതന്നെ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് മോഹന്‍ലാലും വിളിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പവും സാഹോദര്യവുമെല്ലാം കാത്തു സൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ, മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
എന്റെ ഓര്‍മകളില്‍ മായയെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ, ചെന്നൈയിലെ താജ് ഹോട്ടലില്‍ വെച്ചു നടന്ന അവളുടെ ആദ്യത്തെ പിറന്നാള്‍ പാര്‍ട്ടിയാണ്. അതൊരു വലിയ പാര്‍ട്ടിയായിരുന്നു, മായയുടെ അച്ഛനുമമ്മയും സമ്മാനിച്ച മനോഹരമായ ഗോള്‍ഡന്‍ ഉടുപ്പില്‍ അതിസുന്ദരിയായിരുന്നു അവള്‍. രാത്രി കടന്നുപോകവേ പിറന്നാള്‍ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവള്‍ ഉറങ്ങിയെന്ന്. ആ വലിയ പാര്‍ട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.
ഇന്നവള്‍ വളര്‍ന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ കവിതകള്‍, ചിന്തകള്‍, ഡൂഡില്‍, ആര്‍ട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും.
എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കും.
ഒരുപാട് സ്‌നേഹത്തോടെ ചാലു ചേട്ടന്‍, ദുല്‍ഖര്‍ കുറിച്ചതിങ്ങനെ.
ഈ പുസ്തകത്തിന്റെ സക്‌സസ് പാര്‍ട്ടിയിക്ക് ഇടയില്‍ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,എന്നും ദുല്‍ഖര്‍ കുറിക്കുന്നു.