വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ കൊലപ്പെടുത്തി
നോര്‍ത്ത് കരോലിന: വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ വെടിവെച്ച് കൊന്നു. ഫെബ്രുവരി 13ന് യുഎസിലെ നോര്‍ത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം നടന്നത്.
അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറിയ രണ്ട് മോഷ്ടാക്കൾ പണം ആവശ്യപ്പെടുകയും കുട്ടിയുടെ അമ്മൂമ്മയായ 78കാരിയെ വെടിവെയ്ക്കുകയും ചെയ്തു. ഇതു കണ്ട കുട്ടി വീടിനകത്തുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമികള്‍ രണ്ടു പേര്‍ക്കും വെടിയേറ്റുവെങ്കിലും ഇവര്‍ ഓടി രക്ഷപെട്ടു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് പരിസരത്ത് നടത്തിയ തെരച്ചിലിനിടെയാണ് പ്രതികളിലൊരാള്‍ വെടിയേറ്റ് വീണ് കിടക്കുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലിനു വെടിയേറ്റ 78കാരി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.