പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം. പണവും സ്വര്‍ണം, വജ്രം ആഭരണങ്ങളുമാണ് കവര്‍ന്നത്. ഈസ്റ്റ് ഒറ്റപ്പാലം പുലായ്ക്കല്‍ ഡോ. ഷാമില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
20 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും വജ്ര ആഭരണങ്ങളുമാണു മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കും ഒന്‍പതരയ്ക്കും മധ്യേയാണു മോഷണം. ഡോക്ടര്‍ പെരിന്തല്‍മണ്ണയിലേക്കും മറ്റു കുടുംബാംഗങ്ങള്‍ വീടു പൂട്ടി പഴയ ലക്കിടിയിലെ ബന്ധു വീട്ടിലേക്കും പോയതായിരുന്നു. കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയപ്പോഴാണു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പിന്നിലെ ഇരുമ്പുവാതില്‍ വഴിയാണു മോഷ്ടാവ് അകത്തുകടന്നതെന്നു കരുതുന്നു.
ഡോക്ടറുടെ മുറിയിലെ അലമാരകളിലായിരുന്നു സ്വര്‍ണവും പണവും വജ്ര ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വജ്രത്തിന്റെ റണ്ട് മോതിരങ്ങളും രണ്ട് ജോഡി കമ്മലുകളും മോഷ്ടിക്കപ്പെട്ടതായാണു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
വീട്ടിലെ മറ്റു ചില അലമാരകള്‍ കൂടി കുത്തിത്തുറന്ന നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. വീടിനുള്ളില്‍ നിന്നു മോഷ്ടാവിന്റേതെന്നു കരുതുന്ന സ്‌ക്രൂ ഡ്രൈവര്‍ കണ്ടെത്തി. തന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ സൂക്ഷിച്ചതായിരുന്നു പണമെന്നു ഡോക്ടര്‍ പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി തെളിവെടുത്തു.