ദളിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ഗര്‍ഭം അലസിപ്പിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

സേലം: ദളിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ഗര്‍ഭം അലസിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലത്തിനടുത്തുള്ള അത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഗണേഷന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് 19കാരിയായ അത്തൂര്‍ സ്വദേശിനിയെ ഗണേഷന്‍ വിവാഹം കഴിക്കുന്നത്. ഭാര്യവീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. അതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ 21ന് മാതാവിന് സുഖമില്ലെന്നറിയിച്ചു യുവതിക്ക് വീട്ടുകാരുടെ ഫോണ്‍ കോള്‍ വന്നു. ഇതനസുരിച്ചു വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു.

ആയുര്‍വേദ മരുന്ന് നല്‍കിയാണ് ഗര്‍ഭം അലസിപ്പിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുടെ നാലുമാസം പ്രായമായ ഗര്‍ഭം ഭാര്യപിതാവും മാതാവും ചേര്‍ന്ന് അലസിപ്പിച്ചെന്നാണ് ഗണേഷന്‍ പരാതി നല്‍കിയത്. കൂടാതെ വീട്ടുതടങ്കലിലാക്കിയതിനാല്‍ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തൂര്‍ പോലീസ് നടത്തിയ അന്വേഷണമാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തുവന്നത്.

പട്ടികജാതിക്കാരനായ ഗണേഷനെ മരുമകനായി അംഗീകരിക്കില്ലെന്നാണ് മാതാപിതാക്കളായ സുബ്രമണിയുടെയും, ഗോമതിയുടെയും നിലപാട്. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയ പോലീസ് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News