കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടുമോ, കുറയുമോ… ഈ ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണം ഇടിഞ്ഞിരുന്നു. ശേഷം വലിയ തോതില്‍ കുറവ് വരുന്നതിനിടെയാണ് വീണ്ടും തിരിച്ചുകയറിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങൡ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒരേ വിലയാണ്. ഇന്നും വില മാറിയില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള ചില രാഷ്ട്രീയപരമായ സാധ്യതകളുണ്ട്. ആഗോള രംഗത്ത് സംഭവിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങള്‍ നേരിട്ട് ബാധിക്കുന്ന ലോഹമാണ് സ്വര്‍ണം.
ഇന്ന് കേരളത്തില്‍ ഒരു പവന് 45240 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇതേ വിലയാണ് തുടരുന്നത്. നാലാം ദിവസമാണ് സ്വര്‍ണം അനങ്ങാതെ നില്‍ക്കുന്നത്. ഡോളര്‍ മൂല്യം ഇടിയുന്നതിനാല്‍ സ്വര്‍ണവില ഉയരേണ്ടതാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരാനുള്ള സാധ്യതയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട തുക 5655 രൂപയാണ്.
ഒരു പവന്റെ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നല്‍കേണ്ടിവരും. സ്വര്‍ത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് 40 രൂപ വരും. ഇതെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 48500 രൂപ വരെ ചെലവ് വന്നേക്കും.
ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45280 രൂപയാണ്. ഏറ്റവും കുറഞ്ഞത് 44360 രൂപയും. ഇന്നത്തെ വില പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് തൊട്ടടുത്ത് നില്‍ക്കുകയാണ് എന്ന് മനസിലാക്കാം. ഡോളര്‍ ഇന്‍ഡക്‌സ് 103.59 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.25 എന്ന നിരക്കിലുമാണ്.
ഡല്‍ഹിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45360 രൂപയാണ്. ഗ്രാമിന് 5670 രൂപയും. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അതേസമയം, എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.18 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടായേക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വെല്ലുവിളി. ഇസ്രായേല്‍ കപ്പലുകള്‍ എവിടെ കണ്ടാലും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിമതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന ഇസ്രായേലി കപ്പല്‍ ഹൂതികള്‍ കഴിഞ്ഞ ദിവസം ചെങ്കടലില്‍ നിന്ന് പിടികൂടി യമനിലേക്ക് കൊണ്ടുപോയി. ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. വിഷയത്തില്‍ അമേരിക്ക ഇടപെട്ടേക്കുമെന്നാണ് കരുതുന്നത്. ഹൂതികള്‍ ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്കെതിരായ അമേരിക്കയുടെ നീക്കം മേഖലയെ യുദ്ധക്കളമാക്കിയേക്കും.