സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തെ വര്‍ധനവിനു ശേഷം സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,165 രൂപയും പവന് 33,320 രൂപയുമായി.

തിങ്കളാഴ്ചയും ശനിയാഴ്ചയും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നു വില കുറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പവന് 240 രൂപ കൂടിയിരുന്നു. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു.

സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറച്ചിരുന്നു.

ഫെബ്രുവരി 27,28 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,160 രൂപയാണ് വില. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില.

ഫെബ്രുവരി ഒന്നിന് രാവിലെ പവന് 36,800 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി ആഭ്യന്തര വിപണിയില്‍ പെട്ടെന്ന് വില കുറയാന്‍ കാരണമായി. അന്ന് തന്നെ പവന് 400 രൂപ കുറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതുമാണ് പിന്നീട് വില ഇടിവിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News