KeralaNews

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്ന്ന സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ഇന്നലെയും ഇന്നും വില താഴുന്നതാണ് ദൃശ്യമായത്.

ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വിത്യാസം വന്നിട്ടുണ്ട്. സ്വര്‍ണം ഔണ്‍സിന് 1,871.00 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ – യുക്രൈന്‍ ആശങ്കകളില്‍ കുറഞ്ഞതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ത്യയില്‍ 500 രൂപയോളമാണ് ഇടിഞ്ഞത്. ഗോള്‍ഡ് ഔണ്‍സിന് 1860 അമേരിക്കന്‍ ഡോളറിന് താഴേക്ക് ഇന്നലെ എത്തിയിരുന്നു. വില കുറഞ്ഞതോടെ സ്വര്‍ണം വെള്ളിയുടെ വ്യാപാരവും വര്‍ദ്ധിച്ചിട്ടുണ്ട്.

2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്.

ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button