കൊച്ചി : കോവിഡ് രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ സാരമായി തന്നെ ബാധിച്ചുവെങ്കിലും സ്വർണപ്പണയ വായ്പയിൽ 70 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും സ്വർണവില കുതിച്ചുയരുകയാണ്. ഇതിനിടയിൽ തന്നെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വർധനവും ഉണ്ടായി.
ലോക്ഡൗൺ ആരംഭിച്ച മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്.കഴിഞ്ഞ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനത്തിലധികം വർധയുണ്ടായിട്ടുണ്ട്. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന ഈ കോവിഡ് കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. മാർച്ച് 24 മുതൽ സെപ്റ്റംബർ ഏഴു വരെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി.
ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. 2,500 കോടി രൂപയുടെ സ്വർണ പണയ വായ്പ കഴിഞ്ഞ നാലു മാസത്തിനിടെ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളർച്ചയിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ബാങ്ക് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News