കോട്ടയം മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ഒരാള്‍ പീഡനത്തിന് ഇരായായതായി റിപ്പോര്‍ട്ട്

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടികളിലൊരാള്‍ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 20 വയസുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. മഹേഷ് എന്നയാളാണ് 15കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. മഹേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മുണ്ടക്കയം വള്ളക്കടവ് പാലത്തില്‍ നിന്നും മണിമലയാറ്റിലേക്കു ചാടി 15കാരികളായ രണ്ടു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ വിഷം കഴിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇവരെ രക്ഷിച്ചു.

ടിക്ടോക്ക് വീഡിയോ ചിത്രീകരിച്ചതില്‍ വീട്ടുകാര്‍ വഴക്കു പറയുമോ എന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടികളിലൊരാള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News