കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികള്‍ ചാടിപോയ സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സല്‍മയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയത്. ഇവരില്‍ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബംഗളൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. അതേ സമയം ചാടിപ്പോയ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. സ്റ്റേഷനില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടി പേരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. രണ്ടു യുവാക്കളെയാണ് പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയത്. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പൊലീസിന് മൊഴി നല്‍കിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥകൊണ്ടാണ് തങ്ങള്‍ പുറത്ത് പോയതെന്നും അവിടെ സുരക്ഷിതമല്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഇതിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടിരുന്നു. ബാക്കി കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.