മൂന്നാം തരംഗം ശമിക്കുന്നു, ടി.പി.ആര്‍ പത്തില്‍ താഴെ; ഇന്നലെ 1,61,386 പേര്‍ക്കു കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന നല്‍കി രോഗസ്ഥിരീകരണ നിരക്കില്‍ (ടിപിആര്‍) കുറവ്. പത്തു ശതമാനത്തില്‍ താഴെയാണ് ഇന്നലെ ടിപിആര്‍-9.26. ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603.
രാജ്യത്ത് ഇതുവരെ 167.29 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ മുംബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി. പ്രവേശന വിലക്കുകള്‍ നീക്കി ജനങ്ങള്‍ക്കായി നഗരം തുറന്നു. പാര്‍ക്കുകളിലും സ്പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം.
200 പേരെ പരമാവധി ഉള്‍പ്പെടുത്തി കല്യാണങ്ങള്‍ നടത്താം.രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ നഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു. നീന്തല്‍ക്കുളങ്ങളിലും 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. എന്നാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി ഉണ്ടാകില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.