മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: സുഹൃത്തുക്കള്‍ക്കുനേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റി; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ക്കു നേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29) ആണ് മരിച്ചത്. സുഹൃത്ത് മാവിന്‍മൂട് അമ്പിളി ഭവനില്‍ പ്രമോദി (33)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവര്‍ കടുവയില്‍പ്പള്ളി ചാങ്ങാട് സ്വദേശി സജീവ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഒന്നരയോടെ മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. അജിത്ത്, പ്രമോദ്, സജീവ്കുമാര്‍ എന്നിവരടങ്ങിയ എട്ടംഗസംഘം മദ്യപിക്കുന്നതിനിടെയിലാണ് തര്‍ക്കമുണ്ടായത്.

തുടര്‍ന്ന് വാക്കേറ്റവും കൈയ്യാങ്കളിയും ആയി. ഇതിനിടയില്‍ സജീവ്കുമാര്‍ റോഡിന് വശത്തായി പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് പരിക്കേറ്റു വീണ രണ്ടുപേരെയും കൂട്ടുകാര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News