കൊച്ചി: എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, വുമണ്‍ മെയ്ഡ് എന്ന് എന്തുകൊണ്ടാണ് പറയാത്തത്, അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ.. സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യങ്ങളാണിത്. വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ നടി റിമ കല്ലിങ്ങല്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ സയന്‍സ് പഠിക്കുമ്പോള്‍ അതില്‍ മാന്‍മെയ്ഡ് എന്നും നാച്ചുറല്‍ മെയ്ഡ് എന്നും കണ്ടുവെന്നും അത് എന്തുകൊണ്ടാണ് മാന്‍ മെയ്ഡ് എന്ന വാക്കുമാത്രം ഉപയോഗിക്കുന്നതെന്നും വീഡിയോയില്‍ പെണ്‍കുട്ടി ചോദിക്കുന്നു. സ്ത്രീകളും പലതും നിര്‍മിച്ചിട്ടില്ലേ എന്നും അതുകൊണ്ട് വുമണ്‍മെയ്ഡ് എന്ന് പറഞ്ഞുകൂടേ എന്നും അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞുകൂടേ എന്നും പെണ്‍കുട്ടി ചോദിക്കുന്നു.
ആള്‍ മെന്‍ ആര്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന് പറയുന്നതെന്തുകൊണ്ടാണെന്നും വിമണിനെ ഈക്വലായല്ലേ ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും പെണ്‍കുട്ടി ചോദിക്കുന്നു. നല്ലൊരു ചോദ്യമാണ് ഇതെന്ന് കുട്ടിയുടെ അമ്മ വീഡിയോയില്‍ പറയുന്നതായും കേള്‍ക്കാം. ഇത് ഒട്ടും ശരിയായ കാര്യമല്ലല്ലോ എന്നും കുട്ടി അമ്മയോട് വീഡിയോയില്‍ ചോദിക്കുന്നതായി കേള്‍ക്കാം.
പെണ്‍കുട്ടിയുടെ പേരെന്താണെന്നോ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതാരാണെന്നോ വ്യക്തമല്ല. നീ അവരോട് ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ എന്നു പറഞ്ഞുകൊണ്ടാണ് റിമ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മിടുക്കിയെന്നും ഇവളുടെ തലമുറ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുമുള്ള കമന്റുകളും കാണാം.