ഞാന്‍ പോകുന്നു… അവള്‍ അവസാനമായി കുറിച്ചു; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മലപ്പുറം: ഓണ്‍ലൈനില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിപ്പിലുള്ളത്. ഇന്നലെ വൈകുന്നേരമാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്. ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. വീട്ടിലെ കേടായ ടിവി പണം ഇല്ലാത്തതിനാല്‍ നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്മാര്‍ട്ട് ഫോണും ഇല്ലായിരുന്നു. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News