കൊലയാളി കടന്നുകളഞ്ഞത് ദമ്പതിമാരുടെ കാറില്‍? സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാവിലെ പത്തു മണിയ്ക്കു ഇവരുടെ വീട്ടിലെ ചുവന്ന വാഗണ്‍ ആര്‍ കാര്‍ സമീപത്തെ റോഡിലൂടെ കടന്നു പോകുന്നതായി സി.സി.ടി.വി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊലപാതകം നടന്ന സമയം സംബന്ധിച്ചു പോലീസിനു വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലിയെ (65) ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് കൊലപാതകം നടന്നത് എന്നായിരിന്നു പോലീസിന്റെ കണക്കുകൂട്ടല്‍. ഉച്ചയ്ക്കു രണ്ടരയോടെ ഷീബയെ വീടിനു പുറത്തു കണ്ടു എന്ന രീതിയിലും പ്രദേശ വാസികളില്‍ ചിലര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് മാറ്റി മറിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് പോലീസിനു ലഭിച്ചത്.
പ്രദേശത്തെ വീടുകളിലെ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് സംഘം കണ്ടത് രാവിലെ പത്തു മണിയോടെ വീടിനു സമീപത്തെ വഴിയിലൂടെ കാര്‍ പ്രധാന വഴിയിലേയ്ക്കു കയറിപ്പോകുന്നതാണ്. ഈ കാറിലാണോ കൊലയാളി കടന്നുകളഞ്ഞത് എന്നും പോലീസ് അന്വേഷിച്ച് വരുകയാണ്. ഈ കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മാത്രമല്ല ചപ്പാത്തിയും, മുട്ടയും ഉള്ളിക്കറിയും രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനായി തയ്യാറാക്കി വച്ചിരുന്നതായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ സ്വീകരണ മുറിയില്‍ ചിതറിക്കിടന്ന രക്തം കട്ടപിടിച്ചിരുന്നു. രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തി എന്നത് തന്നെ പോലീസ് എത്തുമ്പോള്‍ കൊലപാതകം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്ന പോലീസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനും, ഇതിനു ശേഷമുള്ള പ്രാഥമിക വിവരങ്ങള്‍ക്കും ശേഷം മാത്രമേ പോലീസിനു കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. വീട്ടില്‍ നിന്നും പോയ ചുവന്ന കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ കാറിനായി താഴത്തങ്ങാടി ഇല്ലിക്കല്‍ കുമരകം കോട്ടയം നഗരം എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ രാത്രി തന്നെ പോലീസ് പരിശോധിച്ചിട്ടുണ്ട്.