ജബല്‍പൂര്‍: സഹപാഠിയുടെ ചുംബനശ്രമത്തെ എതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ബിജാപ്രി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിയെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. 18 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ബിജാപുരി ഗ്രാമത്തിലെ കാട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിരുന്നതായി പോലീസ് പറയുന്നു. മൃതദേഹത്തിന് സമീപത്തു നിന്നു പെണ്‍കുട്ടിയുടെ സ്കൂള്‍ ബാഗും കണ്ടെത്തി.
കുട്ടര്ഗൊണ്ടി പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരിയായ പിങ്കി ധര്വേയാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പിങ്കി വ്യാഴാഴ്ച രാവിലെ വീട്ടില്‍ സ്കൂളിലേക്ക് പോയെങ്കിലും മടങ്ങി വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് ഹിന്വ ഗ്രാമത്തിലെ രമന് സിംഗ് സയാം എന്ന പത്തൊന്പതുകാരന് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മരിച്ച പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും സ്കൂള്‍ സമയം കഴിഞ്ഞ ശേഷം അവര്‍ ബിജാപുരി ഗ്രാമത്തിലെ വനമേഖലയിലേക്ക് പോയതായും പോലീസിനോട് രമന് സിംഗ് സമ്മതിച്ചു. ഇവിടെ കനാലിന് സമീപമുള്ള കല്ലില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ പിങ്കിയെ ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിങ്കി ഇതിനെ എതിര്‍ക്കുകയും രമന് സിംഗിനെ തള്ളി മാറ്റുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ വീണിടത്തു നിന്നും എഴുന്നേറ്റ് വന്ന് പിങ്കിയെ തിരിച്ച് തള്ളിയിട്ടു. എന്നാല്‍ കല്ലില്‍ തലയിടിച്ചു വീണ പിങ്കി തല്‍ക്ഷണം മരിക്കുകയായിരുന്നു. പിങ്കി മരിച്ചെന്ന് മനസിലാക്കിയതോടെ താന്‍ ഭയപ്പെട്ടുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും രമന് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവളുടെ ശരീരം ഇലകള്‍ കൊണ്ട് മൂടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.