അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ചു, യുവാവിനെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവർക്ക് മർദ്ദനമേറ്റത്.

കാറിൽ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീർ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.

കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്.
അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി.

ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് മർദ്ദനമുണ്ടായത്. ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് പെൺകുട്ടികളിലൊരാളായ അസ്ന പറഞ്ഞു.

ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്. കേസെടുത്തെങ്കിലും പ്രതിയെ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേർത്തതെന്നും പെൺകുട്ടി പറഞ്ഞു. നടുറോഡിൽ വെച്ച് പെൺകുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീർപ്പിനാണ് ശ്രമം നടക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News