ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് പ്രതികരണം. ജുഡിഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനവും എഎപി കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല.അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കിയത്. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ഒരാളെ ഏൽപ്പിക്കാനാണ് നീക്കം. ഏത് സ്ഥലവും ജയിലാക്കി മാറ്റാനുള്ള അധികാരം ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഉണ്ട്.
അതിനാൽ തന്നെ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിൽ പാര്‍പ്പിക്കണമെന്ന ആവശ്യം എഎപി നേതാക്കൾ ലഫ്റ്റനന്റ് ഗവര്‍ണറോട് ഉന്നയിക്കുമോയെന്ന് വ്യക്തമല്ല. മറുവശത്ത് ബിജെപി കെജ്രിവാളിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലാണ്.
ഇ ഡി കേസും നടപടിയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി നീക്കം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കും. കേസിൽ കെ കവിത – അരവിന്ദ് കെജ്രിവാൾ ഡീലിന് തെളിവുണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ ഇഡി ചൂണ്ടിക്കാട്ടുന്നു.
കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കിയെന്നാണ് ഇതിൽ പറയുന്നത്. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും പരാമർശമുണ്ട്.