കഞ്ചാവിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും! പുതിയ കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍
കാനഡ: കഞ്ചാവിന് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍.
പഠന ഫലം കണ്ടപ്പോള്‍ തങ്ങള്‍ തന്നെ ഞെട്ടിപ്പോയെന്നാണ് ഗവേഷകരിലൊരാളായ ഓള്‍ഗ കോവല്‍ചുക് പറഞ്ഞതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിനുള്ളിലേക്ക് കൊവിഡ് വൈറസുകള്‍ക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓണ്‍ലൈന്‍ ജേര്‍ണലായ പ്രീപ്രിന്റ്‌സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്.
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുള്ള മറ്റ് മരുന്നുകള്‍ ഇല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.