KeralaNews

ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല പൊട്ടിച്ചു; പാതി തിരിച്ചുപിടിച്ച് 62കാരി

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു സ്ത്രീയെയാണ് രണ്ടംഗസംഘം ആക്രമിച്ച് സ്വർണ്ണമാല കവർന്നത്. ബുധനാഴ്ച രാവിലെ 7.45ന് വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാമൂഴി പാലത്തിനു സമീപമായിരുന്നു അക്രമം നടന്നത്. വിളപ്പിൽശാല ദേവി നഗർ സ്വദേശിനി ശ്രീകുമാരിയുടെ മൂന്ന് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്. 

പിടിവലിക്കിടെ ബാഗുമായി നിലത്ത് വീണെങ്കിലും മാലയിലെ പിടിവിടാന്‍ വയോധികയും തയ്യാറായില്ല. ഇവര്‍ ശക്തിയായി ചെറുത്ത് നിന്നതോടെ മാലയുടെ ഒരു ഭാഗവുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ഒരു പവനോളമുള്ള ഭാഗം മാത്രമാണ്  ശ്രീകുമാരിക്ക് തിരികെ ലഭിച്ചത്. പാലത്തിന് സമീപത്ത്കൂ ടി നടന്നുപോകുന്ന സമയം ഹെൽമറ്റ് ധാരികളായി ബൈക്കിൽ എത്തിയ രണ്ടംഗസംഘം മാല പിടിച്ച് പറിക്കുകയായിരുന്നു. മോഷ്ടാക്കളുമായി ഉണ്ടായ പിടിവലിക്കിടെ റോഡിലേക്ക് വീണു പോയ ശ്രീകുമാരിക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീഴ്ചയിലും പിടിവലിയിലും ഇവരുടെ കമ്മലിന് കേടുപറ്റിയിട്ടുണ്ട്. ശ്രീകുമാരി ബഹളം വച്ച് ആളുകള്‍ സ്ഥലത്തേക്ക് എത്തിയതോടെയാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴുതക്കാടുള്ള ഒരു ഡെന്റൽ ക്ലിനിക്കിലെ സ്റ്റാഫ് ആണ് ശ്രീകുമാരി. പാതിമാല തിരികെ കിട്ടിയെങ്കിലും താലി അടങ്ങുന്ന ഭാഗം കള്ളന്മാര്‍ കൊണ്ടുപോയെന്ന വിഷമത്തിലാണ് ശ്രീകുമാരി. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വയോധിക ആക്രമിക്കപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിളപ്പില്‍ശാല പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മോഷ്ടാക്കളെന്നാണ് സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button