റിപ്പബ്ലിക് ദിനാഘോഷം; ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ ‘ബീറ്റിങ് റിട്രീറ്റി’ൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സർക്കാർ. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നൽകുന്ന ‘abide with me’ എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക.

യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികർ ആയുധങ്ങളുമേന്തി യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. ട്യൂണുകൾ ഇല്ലാതെ ചടങ്ങിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു.

ഡൽഹിയിലെ വിജയ് ചൗക്കിൽ ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇതോടെ റിപ്പബ്ലിദ് ദിനാഘോഷങ്ങൾ ഔദ്യോഗികമായി അവസാനിക്കും. കൊളോണിയൽ ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവം. എന്നാൽ ചടങ്ങിൽ ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങൾക്കും പകരം ഇന്ത്യൻ ട്യൂണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഈ വർഷം ആറു ബാന്റുകളിൽ നിന്നായി 44 ബ്യൂഗിളുകൾ, 75 ഡ്രമ്മുകൾ, 16 ട്രെംപറ്റുകൾ എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകൾ ചടങ്ങിൽ വായിക്കും. സാരേ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിന്റെ ട്യൂണോടെയാണ് ചടങ്ങിന് സമാപനം കുറിക്കുക.

ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി തൊട്ടടുത്തെ ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിലേക്ക് ലയിപ്പിച്ചത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ചരിത്രത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വീരജവാൻമാർക്ക് വേണ്ടിയുള്ള അനശ്വര ജാല അണച്ചതു ദു:ഖകരമായ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര നീക്കത്തെ എതിർത്തും പിന്തുണച്ചും മുൻ സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News