25.2 C
Kottayam
Tuesday, May 21, 2024

കനത്ത സുരക്ഷയിൽ ഡല്‍ഹി; ജി 20 ഉച്ചകോടിക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമാകും

Must read

ന്യൂഡല്‍ഹി: പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതൽ ന്യൂഡല്‍ഹിയിൽ.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. 

ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ജി 20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാർ തമ്മിൽ നയതന്ത്ര തല ചർച്ചയും നടക്കും. വൈകുന്നേരം രാഷ്ട്ര തലവന്മാർക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. 

ന്യൂഡല്‍ഹിയിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനം ചർച്ചയായി. പ്രഖ്യാപനത്തിൽ റഷ്യ യുക്രെയിൻ സംഘർഷം പരാമർശിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. എല്ലാവർക്കും സ്വീകാര്യമായ പരാമർശത്തിന് ശ്രമിക്കുന്നുവെന്ന നിലപാടാണ് ഇന്ത്യ ബൈഡനെ അറിയിച്ചത്.

ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ചും പ്രതിരോധരംഗത്തെ നിക്ഷേപം സംബന്ധിച്ചും ഇരുരാജ്യങ്ങളിലെയും തലവൻമാർ തമ്മിൽ ചർച്ച നടന്നു. വ്യോമ, സമുദ്ര നിരീക്ഷണത്തിനായുള്ള ഡ്രോൺ അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള കരാറും ചർച്ചയായി. ചന്ദ്രയാൻ ,ആദിത്യ നേട്ടങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ അഭിനന്ദിച്ചു. യു എൻ സുരക്ഷ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കൻ പിന്തുണ ബൈഡൻ ആവർത്തിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week