അഹമ്മദാബാദ് :കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസ് വർധിക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് എട്ടുപേർ മരിച്ചു.
200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനെക്കാൾ വ്യാപകമാണ് ഇത്തവണ മ്യൂക്കോർമൈക്കോസിസെന്ന് ഡോക്ടർമാർ പറഞ്ഞു.
മ്യൂക്കോർ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകൾ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാൻ കാരണമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങൾ.