കൊച്ചി: ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കൊവിഡ് കാലത്തുമാത്രം ഇന്ധനവില കൂടിയത് 20 രൂപ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെട്രോളിനു ലിറ്ററിന് 71.51 രൂപയായിരുന്നു വില. ഡീസലിന് 65.8 രൂപയും. ഇതുമായി ഇപ്പോഴത്തെ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ പെട്രോളിനുമാത്രം കൂടിയത് 20.76 രൂപ. ഡീസലിനു വര്‍ധിച്ചത് 21.76 രൂപ.
വോട്ടെണ്ണലിനുശേഷം ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്നലെയും മാറ്റമുണ്ടായില്ല. ഇന്നലെ പെട്രോളിനു ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. അതോടെ കൊച്ചിയില്‍ പെട്രോളിനു ലിറ്ററിന് 92.27 രൂപയും ഡീസലിന് 87.17 രൂപയുമായി വില. തിരുവനന്തപുരത്തു പെട്രോള്‍ വില ലിറ്ററിന് 94 രൂപ കടന്നു.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡീസല്‍ വില തിരുവനന്തപുരത്ത് 89 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചമാത്രം പെട്രോളിന് 1.6 രൂപയും ഡീസലിന് 1.93 രൂപയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഈ വര്‍ഷം ജനുവരി ഒന്നിനു പെട്രോളിനു ലിറ്ററിന് 83.96 രൂപയും ഡീസലിന് 78.01 രൂപയുമായിരുന്നു വില. ജനുവരി മുതല്‍ ഇന്നലെ വരെ ഒരു ലിറ്റര്‍ പെട്രോളിനുമേല്‍ 8.31 രൂപ വര്‍ധിച്ചു. ഡീസലില്‍ 9.16 രൂപയും കൂടി.