പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വീഡിയോകള്‍ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. ഇത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കണ്ടുകഴിയുമ്പോള്‍ കാഴ്ചക്കാരന്റെ മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്ന ഈ വീഡിയോ ട്വിറ്ററിലാണ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഉന്തുവണ്ടിയുമായി പഴങ്ങള്‍ വില്‍ക്കുന്നതിന് ഇറങ്ങിയതാണ് സ്ത്രീ. ഇതിനിടെ വലിയൊരു കയറ്റം കയറേണ്ടി വന്നു. എന്നാല്‍, അവര്‍ക്ക് ഒറ്റയ്ക്ക് വണ്ടി തള്ളികയറ്റാന്‍ കഴിഞ്ഞില്ല. പലരും അതുവഴി കടന്നുപോയെങ്കിലും അവരെ ശ്രദ്ധിച്ചുവെങ്കിലും അവരെ സഹായിക്കാതെ പോയി. എന്നാല്‍, അപ്പോഴാണ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അതുവഴി വന്നത്.
വിഷമിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ട് ഇരുവരും ചേര്‍ന്ന് വണ്ടി തള്ളികയറ്റുന്നതാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ വണ്ടി തള്ളികയറ്റാന്‍ സഹായിക്കുന്നത് ചുറ്റുമുള്ളവര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉന്തുവണ്ടിയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കച്ചവടക്കാരിയുടെ കുഞ്ഞിനെയും കാണാന്‍ കഴിയും. തന്നെ സഹായിച്ച കുരുന്നുകള്‍ക്ക് തന്റെ വണ്ടിയില്‍ നിന്ന് പഴങ്ങള്‍ എടുത്ത് നല്‍കിയാണ് കച്ചവടക്കാരി നന്ദി പ്രകടിപ്പിച്ചത്.
5.5 ലക്ഷത്തില്‍ പരം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ 5,000-ല്‍ പരം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. കച്ചവടക്കാരിക്ക് സഹായവുമായി എത്തിയ കുരുന്നുകളെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ദയയുടെ മൂല്യമേറിയ പാഠം പഠിപ്പിച്ചതിനും മനുഷ്യത്വമെന്താണെന്ന് ഓര്‍മിപ്പിച്ചതിനും നന്ദിയെന്ന് ഒരാള്‍ പറഞ്ഞു. കുട്ടികളുടെ മനസ്സ് ശുദ്ധമാണെന്നും കച്ചവടക്കാരിയെ കടന്നുപോയ മുതിര്‍ന്നവരെ കണ്ടപ്പോള്‍ സങ്കടമായെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.