ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരായ യുവാക്കളുടെ പ്രക്ഷോഭം എട്ട് സംസ്ഥാനങ്ങളിൽ കത്തിപ്പടരുന്നതിനിടെ, കേന്ദ്രസർക്കാരും കര, വ്യോമ സേനാ അധികൃതും റിക്രൂട്ട്മെന്റ് നടപടികളുമായി മുന്നോട്ട്.
റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21ൽ നിന്ന് 23 വയസായി വെള്ളിയാഴ്ച രാത്രി ഉയർത്തിയിരുന്നു. എന്നിട്ടും ഇന്നലെയും പ്രക്ഷോഭം ശക്തമായതിനിടെ, റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്നും വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയും പ്രഖ്യാപിക്കുകയായിരുന്നു. വ്യോമസേനയായിരിക്കും ആദ്യ അഗ്നിപഥ് റിക്രൂട്ട്മെന്റ് നടത്തുക. 24ന് തുടങ്ങും.
അതിനിടെ, തെലങ്കാനയിലെ സെക്കന്തരാബാദ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ട ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവച്ചതിൽ ഒരാൾ മരിച്ചു. അക്രമങ്ങളിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ബീഹാർ,യു പി, ഹരിയാന, ബംഗാൾ, മദ്ധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രക്ഷോഭം ഇന്നലെ തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും പടർന്നു. തമിഴ്നാട്ടിലെ ട്രിച്ചിയിൽ 35 പേർ ട്രെയിൻ തടഞ്ഞു.
അക്രമങ്ങൾ രൂക്ഷമായ ബീഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെയും വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. സംസ്ഥാനത്ത് ഇന്ന് ആർ.ജെ.ഡി ബന്ദിന് ആഹ്വാനം ചെയ്തു.
തെലങ്കാനയിൽ 71 ട്രെയിനുകൾ റദ്ദാക്കി. ബീഹാറിലും തെലങ്കാനയിലും 30 ടെയിനുകളാണ് ആക്രമിച്ചത്. ആയിരക്കണക്കിനാളുകൾ റെയിൽവേ സ്റ്റേഷനുകൾ പിടിച്ചെടുത്താണ് ട്രെയിനുകൾ കത്തിക്കുന്നത്. ബീഹാറിൽ സമഷ്ടിപൂർ, ലഖിസാരായി, നളന്ദ എന്നിവിടങ്ങളിൽ മൂന്ന് എക്സ്‌പ്രസ് ട്രെയിനുകൾക്ക് തീയിട്ടു. 35 ട്രെയിനുകൾ റദ്ദാക്കി.
ബംഗാളിൽ കൊൽക്കത്ത, സിലിഗുരി, പുരുളിയ, നോർത്ത് 24 പർഗാന പ്രദേശങ്ങളിലും പ്രതിഷേധമുണ്ടായി. 200 ട്രെയിൻ സർവ്വീസുകളെ ബാധിച്ചു. കേന്ദ്രമന്ത്രി ശാന്തനു ഠാക്കൂറിന്റെ വീടിന് പുറത്ത് പ്രതിഷേധം നടന്നു.
സെക്കന്തരാബാദ് യുദ്ധക്കളം
സെക്കന്തരാബാദ് സ്റ്റേഷനിൽ 5000ത്തോളം പേരുള്ള ജനക്കൂട്ടത്തിന്റെ അക്രമങ്ങളിൽ 20 കോടിയുടെ നാശമുണ്ടായി. ഈസ്റ്റ്കോസ്റ്റ് എക്സ്‌പ്രസിന്റെ ഓരോ കമ്പാർട്ട്മെന്റിലും അമ്പതിലേറെ പേർ ഇരച്ച് കയറി തീവച്ചു. വൃദ്ധർ ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു. രാജ്കോട്ട്, അജന്ത എക്സ്‌പ്രസ് ട്രെയിനുകളും കത്തിച്ചു. പാഴ്സൽ അടക്കം എല്ലാ ഓഫീസുകൾക്കും ഭക്ഷണശാലകൾക്കും തീവച്ചു. പ്രതിഷേധക്കാർ ഇലക്ട്രിക് എഞ്ചിനുകളിൽ കയറാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിഛേദിച്ചു. പൊലീസ് 10 റൗണ്ട് വെടിവെച്ചു
ഇക്കൊല്ലം പ്രായം 23
ഇക്കൊല്ലം 23 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം
കൊവിഡ് മൂലം സേനാ റിക്രൂട്ട്‌മെന്റ് മുടങ്ങിയത് പരിഗണിച്ചാണിത്
പരിശീലനം ഡിസംബറിൽ. സേവനം 2023 മദ്ധ്യത്തോടെ
പ്രതിഷേധം വസ്തുതകൾ അറിയാതെയാണ്. യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകും
ജനറൽ മനോജ് പാണ്ഡെ
കരസേനാ മേധാവി
അഗ്നിപഥ് സൈനികരോട് വിശദീകരിക്കാൻ ആറ് ഫോർവേഡ് ബേസുകൾ സന്ദർശിക്കും
എയർ ചീഫ് മാർഷൽ വി.ആർ ചൗധരി
വ്യോമസേന മേധാവി
സേന ഒരു തൊഴിലവസര സ്ഥാപനമല്ല. രാജ്യസ്നേഹമാണ് സേനയിൽ ചേരുന്നതിന്റെ അടിസ്ഥാനം
അഡ്മിറൽ ആർ. ഹരികുമാർ
നാവികസേനാ മേധാവി