അജാസ് വടക്കേടം
കൊച്ചി:കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സംഘടിപ്പിച്ച പ്രതിഷേധസംഗമം എറണാകുളം ജംഗ്ഷനിൽ ജനസാഗരമായി മാറി. രാവിലെ ആലപ്പുഴയിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലിയെ സ്വീകരിക്കാനും അണിചേരാനും ഓരോ സ്റ്റേഷനിൽ നിന്നും നൂറുകണക്കിന് ആളുകൾ മുന്നോട്ടു വന്നതോടെ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വികാരം ആർത്തിരമ്പുകയായിയിരുന്നു.
പുലർച്ചെ ഏഴുമണിക്ക് ആലപ്പുഴ സ്റ്റേഷനിലെത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്ത എം പി ശ്രീ. എ. എം ആരിഫ് സ്റ്റേഷൻ മാസ്റ്ററുടെ ബുക്കിൽ പരാതിയും രേഖപ്പെടുത്തി. യാത്രക്കാരുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
എറണാകുളം ജംഗ്ഷനിൽ ഒൻപത് മണിക്ക് എത്തിയ പ്രതിഷേധ പ്രകടനത്തെ ഹൈബി ഈഡൻ എം. പി സ്വീകരിച്ചു. ഇന്ത്യൻ റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണിതെന്നും പാർലമെന്റിന് അകത്തും പുറത്തും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നവർ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ സംഘടിക്കുകയും പരാതി ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പാസഞ്ചറും മറ്റു യാത്രാ ആനുകൂല്യങ്ങളും മടക്കി കൊണ്ടുവരണമെന്ന് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ശക്തമായ ക്യാമ്പയിനും ഫ്രണ്ട്‌സ് ഓൺ റെയിൽസ് തുടക്കം കുറിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ എല്ലാ പ്രമുഖ സ്റ്റേഷനിലും ഷൊർണൂർ, തൃശൂർ, ആലുവ സ്റ്റേഷനിലും പരാതി ബുക്കിൽ യാത്രക്കാരുടെ പ്രതിനിധികൾ ഒപ്പിട്ടു. യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ശ്രീ. ലിയോൺസ് ജെ. അറിയിച്ചു.
കോവിഡിനോട് അനുബന്ധിച്ച് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കായംകുളം വരെ പോകുന്ന പാസഞ്ചർ റെയിൽവേ റദ്ദാക്കിയിട്ട് രണ്ട് വർഷത്തിലേറെയായി. മറ്റു ജില്ലകളിലെ പ്രാഥമിക യാത്രാസൗകര്യങ്ങൾ പടിപടിയായി പുനസ്ഥാപിച്ചപ്പോളും ആലപ്പുഴയെ പാടെ അവഗണിക്കുകയായിരുന്നു.
റെയിൽവേ ഒഴികഴിവായി ചൂണ്ടിക്കാണിക്കുന്ന 5.20 ന് എറണാകുളത്ത് നിന്നെടുക്കുന്ന ജനശതാബ്ദി എക്സ്പ്രസ്സിൽ സൂപ്പർ ഫാസ്റ്റ് ഫെയറും റിസർവേഷൻ ചാർജും നൽകി ദിവസവും ഓഫീസിൽ നിന്ന് മടങ്ങുന്നത് സാധാരണക്കാരന് ദഹിക്കുന്നതല്ല. ആകെയുള്ള ആശ്രയം 04 20 നുള്ള ഏറനാട് എക്സ്പ്രസ്സ് ആണ്. ആ സമയം ഒരു ഓഫീസ് ജീവനക്കാർക്കോ കച്ചവടക്കാർക്കോ അനുകൂലമല്ലെന്നത് പകലുപോലെ വ്യക്തമാണ്.
സ്ത്രീകളടക്കം നിരവധിയാളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു. പ്രതിഷേധത്തിലെ സ്ത്രീ സാന്നിധ്യം അവരുടെ നിസ്സഹായാവസ്ഥ വിളിച്ചു പറയുന്നുണ്ട്.ശരിയായ ഗതാഗത സംവിധാനമില്ലാതെ മാനസികമായും ശാരീരികമായും യാത്രക്കാർ തളർന്നിരിക്കുന്നു. എക്സ്പ്രസ്സ് ട്രെയിനുകളുടെ സ്പെഷ്യൽ പരിഗണന ഒഴിവാക്കിയിട്ടും മെമു സ്പെഷ്യൽ നിരക്കിൽ സർവീസ് നടത്തുന്നത് കൊള്ളാലാഭം മാത്രം ലക്ഷ്യം വെച്ചാണെന്ന് യാത്രക്കാർ ആരോപിച്ചു
കോവിഡിന് മുൻപ് ഉണ്ടായിരുന്ന എല്ലാ മെമു/ പാസഞ്ചർ സർവീസുകൾ പഴയ നിരക്കിൽ തന്നെ പുനസ്ഥാപിക്കുക. പ്രധാനമായും സ്ഥിരയാത്രക്കാരുടെ നിരന്തര ആവശ്യമായ കൊല്ലത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴവഴിയും എറണാകുളത്തേയ്ക്കുള്ള സർവീസുകൾ, കൊല്ലത്ത് നിന്ന് തിരുവനന്തപുരം കന്യാകുമാരി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള മെമു സർവീസുകൾ, കൊല്ലത്തു നിന്നും കോട്ടയത്തേയ്ക്കും പുനലൂരിലേയ്ക്കുമുള്ള സർവീസുകൾ, കോട്ടയം എറണാകുളം പാസഞ്ചർ, കൊച്ചുവേളി- നാഗാർകോവിൽ, എറണാകുളം ഗുരുവായൂർ പാസ്സഞ്ചറുകൾ പുനസ്ഥാപിക്കണം. റദ്ദാക്കിയ ഹാൾട്ട് സ്റ്റേഷനുകൾ യാത്രക്കാർക്ക് തുറന്നു കൊടുക്കണം, മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ മടക്കികൊണ്ടുവരിക ഇതെല്ലാം ഉയർത്തിപ്പിടിച്ചാണ് യാത്രക്കാർ സ്റ്റേഷനുകളിൽ സംഘടിച്ചത്.
കോവിഡിന് ശേഷവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന് കാവലാളാകേണ്ട സർക്കാർ സംവിധാനങ്ങൾ ഈ വിധം ചൂഷണം തുടർന്നാൽ എല്ലാ സ്റ്റേഷനിലേയ്ക്കും പ്രതിഷേധസംഗമം വ്യാപിപ്പിക്കുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രസിഡന്റ് ഗീത എം, സെക്രട്ടറി ലിയോൺസ് എന്നിവർ അറിയിച്ചു