തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നുമുതല്‍. 88 ലക്ഷം കുടുംബങ്ങള്‍ക്ക് 11 ഇനങ്ങള്‍ ഉള്‍പ്പെടുന്ന പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് ആദ്യഘട്ടമായി കിറ്റ് നല്‍കുക.
രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
500 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റുകളില്‍ ഉണ്ടാവുക. സപ്ലൈക്കോ വഴി തയ്യാറാക്കുന്ന ഇവ റേഷന്‍ കടയില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയവിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. തുടര്‍ന്ന് 19, 20,21,22 തീയതികളില്‍ മുന്‍ഗണനാവിഭാഗത്തിലുള്ള പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുന്‍പായി ശേഷിച്ച 51 ലക്ഷം കുടുബങ്ങള്‍ ഉള്‍പ്പെടുന്ന നീല, വെള്ളക്കാര്‍ഡ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യും.
ജൂലായ് മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. ഇത് കൂടാതെ റേഷന്‍ കടയില്‍ നിന്ന് കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനാ വിഭാത്തില്‍ പെട്ടവര്‍ക്ക് 15 രൂപാ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരി നല്‍കും. ഓഗസ്റ്റ് 13 മുതല്‍ വിതരണം ആരംഭിക്കും. കൂടാതെ സംസ്ഥാനത്ത് ഓണചന്തകള്‍ എല്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 12 മുതല്‍ ആരംഭിച്ച് 10 ദിവസം നടത്തും.