തിരുവനന്തപുരം: രസീതില്‍ കൃത്രിമം കാണിച്ച് ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക സ്വന്തം പോക്കറ്റിലാക്കിയ എസ്.ഐയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐയാണ് പിഴത്തുക അപഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വാഹനപരിശോധനയ്ക്കിടെ ഈടാക്കുന്ന പിഴത്തുക കാര്‍ബണ്‍ പേപ്പര്‍ വയ്ക്കാതെ കൃത്രിമ രസീത് നല്‍കിയായിരുന്നു തട്ടിപ്പ്. പിന്നീട് കാര്‍ബണ്‍ പേപ്പര്‍ വച്ച്, കൗണ്ടര്‍ ഫോയിലില്‍ തുക കുറച്ചെഴുതുകയായിരുന്നു രീതി. പരാതിയേത്തുടര്‍ന്ന് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് വിഭാഗമാണു ക്രമക്കേട് കണ്ടെത്തിയത്.
പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്നു തിരുവനന്തപുരം കന്റോണ്‍മെന്റിലേക്കു സ്ഥലം മാറിയെത്തിയ എസ്.ഐയാണു തിരിമറി നടത്തിയത്. ഇതേക്കുറിച്ചു കേസെടുത്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം ഐ.ജി. നിര്‍ദേശിച്ചതായാണു സൂചന.