27.8 C
Kottayam
Wednesday, May 29, 2024

ദേവനന്ദയുടെ വസ്ത്ര മണപ്പിച്ച ശേഷം പോലീസ് നായ പോയത് ആ വീട്ടിലേക്ക്; ദുരൂഹതകള്‍ക്ക് പിന്നാലെ പോലീസ്

Must read

കൊല്ലം: ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. കുട്ടിയെ ആരോ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ തന്നെ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടി അത്രയും ദൂരെ ഒറ്റയ്ക്ക് പോകില്ലെന്ന് അമ്മയും മുത്തച്ഛനും ആവര്‍ത്തിച്ചു പറയുകയാണ്. അതോടൊപ്പം തന്നെ പോലീസിന്റെ ട്രാക്കര്‍ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികളും പോലീസില്‍ സംശയം വര്‍ദ്ധിപ്പിക്കുകയാണ്.

നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്.

അവിടെ നിന്ന് മാറാന്‍ കൂട്ടാക്കാതെ നിന്ന റീനയ്ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാന്‍ നല്‍കി. സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ അവിടേക്ക് പോകാന്‍ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. പോലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിചയമുള്ള ആരെങ്കിലും ദേവനന്ദയെ പുറത്തേക്ക് വിളിച്ചിരിക്കാമെന്ന സംശയം നാട്ടുകാരില്‍ ശക്തമാണ്. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോള്‍ അവളുടെ ചെരിപ്പുകള്‍ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോള്‍ ഷാള്‍ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു.

അതേസമയം, മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്‌മോര്‍ട്ടം നിഗമനവും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പോലീസ് സര്‍ജന്‍മാര്‍ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week