തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പരസ്യ ഖേദപ്രകടനം നടത്തി ഫാ. മാത്യു നായ്ക്കാംപറമ്പില്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണുമരിച്ചതാണെന്നുമാണ് ഫാ. മാത്യു പറഞ്ഞത്.
പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായ ഖേദപ്രകടനവുമായി രംഗത്ത് വന്നത്. തനിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇത് പലര്‍ക്കും വിഷമമുണ്ടാക്കിയത് മനസിലാക്കുന്നുവെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും ഫാദര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് സിസ്റ്റര്‍ അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് താന്‍ കൊല്ലപ്പെട്ടതല്ലെന്ന് വെളിപ്പെടുത്തിയെന്ന് ഫാ.മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞത്. അഭയയുടെ ആത്മാവ് മറ്റൊരു കന്യാസ്ത്രീക്ക് പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന വാട്സ്ആപ്പ് സന്ദേശം കണ്ടുവെന്ന് പറഞ്ഞുകൊണ്ടായിരന്നു ഫാ.നായ്ക്കാംപറമ്പലിന്റെ പ്രസംഗം.
ഫാം. മാത്യു നായ്ക്കാംപറമ്പിലിന്റെ ഖേദപ്രകടനം ഇങ്ങനെ;
”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്റര്‍ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്‌സ്ആപ്പ് സന്ദേശത്തെക്കുറിച്ച് വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയില്‍ ഞാന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസിലാക്കുന്നു. അതേകുറിച്ച് ഞാന്‍ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നു,”