ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി കരസേനാ മേധാവി എം.എം. നരവാനെ. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ ആത്മവിശ്വാസം അവര്‍ നിലയുറപ്പിച്ചിരിക്കുന്ന ഹിമാലയന്‍ മലനിരകളേക്കാള്‍ വലുതാണെന്ന് മറക്കരുതെന്നും നരവാനെ ഓര്‍മിപ്പിച്ചു. കരസേന ദിനത്തോടനുബന്ധിച്ച് ഡല്‍ഹി കാന്റോണ്‍മെന്റ് പരേഡ് മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പിന്മാറ്റത്തില്‍ എടുത്ത തീരുമാനമനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ ആ നീക്കത്തിന് വിരുദ്ധമായ ചൈനയുടെ നടപടികള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. ആരും ഇനി അതിന് മുതിരില്ലെന്നാണ് കരുതുന്നതെന്നും നരവാനെ പറഞ്ഞു.
ഗാല്‍വാന്‍ താഴ്വരയിലെ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കരസേനാ മേധാവി എന്ന നിലയില്‍ താന്‍ ഉറപ്പുപറയുന്നു. അതേസമയം ചൈനയ്ക്ക് അതിര്‍ത്തി ലംഘനത്തിന് ഇന്ത്യ നല്‍കിയത് ശക്തമായ മറുപടിയാണെന്നും നരവാനെ കൂട്ടിച്ചേര്‍ത്തു.