സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: കേരളത്തിൻ്റെ തേരോട്ടം തുടരുന്നു; മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും വീഴ്ത്തി

മുംബൈ:സയിദ് മുഷ്താഖ് അലി ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ കേരളത്തിൻ്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും കേരളം കീഴടക്കി. ആറ് വിക്കറ്റിനായിരുന്നു ജയം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം അടിച്ചെടുത്തു.

സ്കോർ:
ഡൽഹി 212/4 (20)
കേരളം 218/4 (19)

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ശിഖാർ ധവാൻ്റെ കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 48 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 77 റൺസ് ധവാൻ നേടി. ലളിത് യാദവ് (52), ഹിമ്മത് സിംഗ് (26), അഞ്ജു റാവത് (21) എന്നിവരും ഡൽഹിക്കായി തിളങ്ങി.

കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ മുഹമ്മദ് അസ്ഹറുദ്ദീൻ പൂജ്യനായി മടങ്ങി. എന്നാൽ ഒരറ്റത്ത് റോബിൻ ഉത്തപ്പ തകർത്തടിച്ചു. സഞ്ജു സാംസൺ (16), സച്ചിൻ ബേബി (22) എന്നിവർ വീണിട്ടും ഉത്തപ്പ പതറിയില്ല. പിന്നീടെത്തിയ വിഷ്ണു വിനോദ് മികച്ച പിന്തുണയും നൽകിയതോടെ കേരളം വിജയപ്രതീക്ഷയിലായി. 54 പന്തിൽ മൂന്ന് ഫോറും എട്ട് സിക്സുമടക്കം 91 റൺസ് നേടി ഉത്തപ്പ പുറത്താകുമ്പോൾ കേരളം ജയത്തിന് അടുത്തെത്തിയിരുന്നു. മൂന്ന് ഫോറും അഞ്ച് സിക്സുമുൾപ്പെടെ 71 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു.