ഗാന്ധിനഗര്‍: നാലു വയസ്സുകാരിയെ കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ പോലിസ് വെടിവെച്ചു കൊന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. പ്രതി സുരേഷ് വിത്തല്‍ പര്‍മറിനെയാണ് (30) പൊലീസ് വെടിവച്ചു കൊന്നത്. അറസ്റ്റിലായ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരെ കത്തിക്ക് ആക്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്നതോടെയാണ് വെടിവെച്ചതെന്ന് പോലിസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ ബൊര്‍സാദില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ഛര്‍ദിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍നിന്നും പുറത്തേക്കിറക്കി. ഈ സമയം ഒളിപ്പിച്ചു വച്ചിരുന്ന കത്തി പുറത്തെടുത്ത് പ്രതി പൊലീസുകാരെ ആക്രമിക്കുക ആയിരുന്നു.
സുരേഷിന്റെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും അഹമ്മദാബാദ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാഘവേന്ദ്ര വത്സ പറഞ്ഞു. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയോട് കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കിയശേഷം സ്വയം പ്രതിരോധത്തിനായി പൊലീസ് പ്രതിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റു വീണ പ്രതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് സുരേഷ് വിത്തല്‍ പര്‍മര്‍ ബലാത്സംഗക്കേസില്‍ പ്രതിയാകുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരി ജൂലൈ 18നാണ് പീഡനത്തിനു ഇരയായി കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പര്‍മറിനെ പോലിസ് തിരിച്ചറിഞ്ഞത്.


