മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനു ഭീഷണി ഉയര്‍ത്തി തവനൂര്‍ മണ്ഡലത്തില്‍ അപരന്മാരുടെ ഘോഷയാത്ര. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരു വായിച്ചാല്‍ കണ്ണു തള്ളും. ഏറെയും ഫിറോസുമാരണ്. പല വീട്ടുപേരിലുള്ള ഫിറോസുമാര്‍. ചിഹ്നം നോക്കാതെ വോട്ടു ചെയ്യുന്നവര്‍ക്ക് ആകെ കണ്‍ഫ്യൂഷനാകും.
മന്ത്രി കെ.ടി ജലീല്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കുന്നത് ഫിറോസ് കുന്നംപറന്പിലാണ്. ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ലോകത്താകമാനമുള്ള മലയാളികള്‍ക്കിടയില്‍ താരമായ ഫിറോസ്‌കുന്നംപറമ്പിലിന്റെ വോട്ടുകള്‍ ചോര്‍ത്തിയെടുക്കുന്നതിനായാണ് ഫിറോസുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
എതിരാളിയുടെ വോട്ടുകള്‍ പലവഴിക്കാക്കാനുള്ള ഇടതുതന്ത്രമാണിതെന്നും വിമര്‍ശനങ്ങളുണ്ട്. ഫിറോസ് കുന്നത്ത്പറമ്പില്‍, ഫിറോസ് നെല്ലംകുന്നത്ത്, ഫിറോസ് പരുവിങ്ങല്‍, ഫിറോസ് നുറുക്കുപറമ്പില്‍, എന്നീ ഫിറോസുമാരാണ് സ്വതന്ത്രന്‍മാരായി രംഗത്തുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനുള്ള വോട്ടുകള്‍ ചിലതെല്ലാം ഇവരുടെ പെട്ടിയിലും വഴി തെറ്റി വീഴുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുണ്ടായ മല്‍സരത്തിന്റെ ചൂടിലാണ് തവനൂര്‍ മണ്ഡലം. സിറ്റിംഗ് എംഎല്‍എ ആയ മന്ത്രി കെ.ടി.ജലീലിനെതിരെ മല്‍സരിക്കാന്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്ന മണ്ഡലത്തില്‍ അവിചാരിതമായി കടന്നുവന്ന ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫിന് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്.
മന്ത്രി ജലീല്‍ മൂന്നാം വിജയം തേടിയാണ് തവനൂരില്‍ മല്‍സരിക്കുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലത്തില്‍ ആദ്യം തീരുമാനിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ പേരാണ്. ഇതിനിടെയാണ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറന്പില്‍ രംഗപ്രവേശനം ചെയ്തത്. രണ്ടാമതൊന്നാലോചിക്കാതെ ഫിറോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയും കൈപ്പത്തി തന്നെ ചിഹ്‌നമായി നല്‍കുകയും ചെയ്തു.
കെ.ടി. ജലീലിനെ വീഴ്ത്താന്‍ രാഷ്ട്രീയക്കാരെക്കാള്‍ ജനകീയ അടിത്തറയുള്ളയാളെ വേണമെന്ന തിരിച്ചറിവിലാണ് സമൂഹമാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ അറിയപ്പെട്ട ഫിറോസ് കുന്നംപറന്പിലിനെ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്.
തവനൂര്‍ നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍
* ഫിറോസ് കുന്നംപറമ്പില്‍ (ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്)
* ഹസന്‍ ചീയന്നൂര്‍ (സോഷ്യല്‍
ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
* രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ
ജനസേന)
* ഡോ. കെ.ടി. ജലീല്‍ (സ്വതന്ത്രന്‍)
* കെ.ടി. ജലീല്‍ (സ്വതന്ത്രന്‍)
* ഫിറോസ് കുന്നത്ത്പറന്പില്‍ (സ്വതന്ത്രന്‍)
* ഫിറോസ് നെല്ലംകുന്നത്ത് (സ്വതന്ത്രന്‍)
* ഫിറോസ് പരുവിങ്ങല്‍ (സ്വതന്ത്രന്‍)
* ഫിറോസ് നുറുക്കുപറന്പില്‍ (സ്വതന്ത്രന്‍)
* വെള്ളരിക്കാട്ട് മുഹമ്മദ് റാഫി (സ്വതന്ത്രന്‍)