ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. മിഡില്‍ ഫില്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെടുന്ന ചാപ്മാന്‍, 1991മുതല്‍ 2001വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, എഫ് സി കൊച്ചിന്‍ അടക്കമുള്ള ക്ലബുകള്‍ക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെ തുടര്‍ന്ന് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു.
1980കളില്‍ ബംഗളൂരു സായി സെന്ററിലൂടെയാണ് കാള്‍ട്ടന്‍ ഫുട്ബോള്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1990ല്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലെത്തി. 1993മുതല്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ബൂട്ടണിഞ്ഞു. 1995ലാണ് ജെ സി ടി മില്‍സിലെത്തുന്നത്. ജെ സി ടി മില്‍സ് ഫഗ്വരയ്ക്കായി പതിനാല് കിരീടങ്ങള്‍ നേടി. ജെ സി ടിയില്‍ ഐ എം വിജയന്‍, ബെയ്ചുങ് ഭൂട്ടിയ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ ആയിരുന്നു.
1997മുതല്‍ 98വരെ എഫ് സി കൊച്ചിന് വേണ്ടി കളിച്ചു. 1998ല്‍ വീണ്ടും ഈസ്റ്റ് ബംഗാളിലെത്തി. 2001ല്‍ വിരമിച്ച ശേഷം പരിശീലകനായി ഫുട്ബോള്‍ രംഗത്തു തന്നെ അദ്ദേഹം സജീവമായിരുന്നു.