തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരിന് തത്കാലത്തേക്ക് ശമനം. പിണക്കം അവസാനിച്ചതോടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ‘മിഠായി ഓഫര്‍’ നല്‍കുകയും ചെയ്തു. കശ്മീരില്‍നിന്നു കൊണ്ടുവന്ന മിഠായി നാളെ എത്തിക്കാമെന്നായിരുന്നു ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഇതൊരു മഞ്ഞുരുക്കത്തിന്റെ മധുരപ്രഖ്യാപനമായി മാറി.
സജി ചെറിയാനെ മന്ത്രിയാക്കുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന സമ്മേളനം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാണ് ഡിസംബറില്‍ തുടങ്ങിയസമ്മേളനം അവസാനിപ്പിക്കാതെ അതിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവര്‍ണറും കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഡിസംബര്‍ 13-ന് അവസാനിച്ച നിയമസഭാസമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പുതുവര്‍ഷത്തിന്റെ ആദ്യസമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക.
ഇതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങില്‍വെച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും സൗഹൃദ സംഭാഷണം നടത്തുകയുമുണ്ടായി. ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷം പിരിഞ്ഞുപോകുമ്പോഴായിരുന്നു ഒരു മിനിറ്റില്‍ താഴെ മാത്രം നീണ്ടുനിന്ന സംഭാഷണം. ‘ഇന്ന് രാത്രി, അല്ല, നാളെ’ എന്ന് മാത്രമാണ് സംഭാഷണത്തിന്റെ വീഡിയോയില്‍ കേട്ടിരുന്നത്. കശ്മീരില്‍നിന്നുള്ള മിഠായി നാളെ എത്തിക്കാമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് പിന്നീട് രാജ്ഭവന്‍ അറിയിക്കുകയുണ്ടായി.