KeralaNews

വ്യാജരേഖാ കേസ്: കെ വിദ്യയെ സഹായിച്ചത് ആര്‍ഷോ,ഗുരുതര ആരോപണവുമായി വിഡി സതീശൻ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിത കെ വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തിൽ മഹാരാജാസ് ഗവേണിംഗ് ബോഡി ആർഷോക്കെതിരെ കേസ് കൊടുക്കേണ്ടതാണ്.

ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണെന്നും പറഞ്ഞ അദ്ദേഹം പിഎം ആർഷോ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും കുറ്റപ്പെടുത്തി.

കേസിൽ എട്ടാം ദിവസവും കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും കേസിൽ ഏറ്റവും നിർണായകമായ വ്യാജരേഖയുടെ ഒറിജിനലും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി രംഗത്തെത്തി. കെ വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിദ്യയെ കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ അട്ടപ്പാടി ഗവൺമെന്റ് കോളേജിലെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സ്വിഫ്റ്റ് കാറിലാണ് കെ വിദ്യ ജൂൺ രണ്ടിന് നടന്ന അഭിമുഖത്തിനായി കോളേജിലെത്തിയത്. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നു.

എന്നാൽ കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിട്ടില്ല. വിദ്യയെ ഇറക്കി കോളേജിന് പുറത്ത് പോയ കാർ പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വിദ്യയെ കൂട്ടിക്കൊണ്ടുപോകാൻ തിരിച്ചെത്തി. ഈ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button