പത്തനംതിട്ട: വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വനിതാവാച്ചറായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
പെരിയാർ കടുവ സങ്കേത്തിലെ ഗവി സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവിനെയാണ് സസ്പെൻഡ് ചെയ്തത്. വനിത വാച്ചറുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കുവാന്‍ വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗെവി സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗത്തിൽ പെട്ട താൽക്കാലിക വനിത വാച്ചറെയാണ് ഡെപ്ടൂട്ടി റെയ്ഞ്ച് ഓഫീസർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവർ സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണ ഉണ്ടാക്കുകയായിരുന്നു. ഈ സമയം അടുക്കളയിലെത്തിയ മനോജ് ടി മാത്യു സാധനങ്ങൾ എടുത്തു നൽകാമെന്ന് പറഞ്ഞ് വനിത വാച്ചറെ സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വാച്ചർ ബഹളം വച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. ഒച്ചകേട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. വനിത വാച്ചറുടെ പരാതിയിൽ പെരിയാർ റേഞ്ച് ഓഫീസർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് റിപ്പോർട്ട് നൽകി.
തുടർന്ന് അഭ്യന്തര പരാതി പരിഹാര കമ്മറ്റിയും അന്വേഷണം നടത്തി മനോജിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് അച്ചടക്ക നടപടിക്ക് പെരിയാർ കടുവ സങ്കേതം അസ്സിസ്റ്റൻറ് ഫീൽഡ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. മനോജിനോട് അവധിയിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. സംഭവത്തിൽ മൂഴിയാർ പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.